Logo
Towards the Ultimate Truth
The genuine way of successful life

Blissful Waves

ആനന്ദത്തിന്റെ അലകൾ

അത് നീയാകുന്നു എന്ന "തത്വമസി " ഉപദേശിച്ച ആചാര്യന് പിഴവ് പറ്റിയതാണോ? അതോ അത് ഉൾകൊള്ളാൻ നമുക്ക് കഴിയാത്തതിനാലാണോ? എന്താണ് ലോകത്തിന്റെ ഇന്നത്തെ ഈ അവസ്ഥയ്ക്ക് കാരണം ?

ഭൗതിക സുഖം നാൾക്കുനാൾ കൂടി വരുന്നു. ഭൗതിക സുഖത്തിന്റെ പാരമ്യത്തിലാണ് നാം ജീവിക്കുന്നത് . എന്നിട്ടും മാനസീകമായ സുഖം ഉണ്ടാകുന്നില്ല. ദിനം പ്രതി ഏറി വരുന്ന ശാരീരികവും മാനസികവുമായ രോഗങ്ങളും വർധിച്ചു വരുന്ന പലവിധത്തിലുള്ള ആസക്തികളും. എന്താണിതിനു കാരണം? എവിടെയാണ് നമുക്ക് തെറ്റിയത് ? 5000 - ൽ പരം വർഷങ്ങൾക്കു മുൻപ് കാർഷികപരമായും, ധനപരമായും സമ്പന്നമായ ഒരു രാജ്യത്ത് , മനുഷ്യനെ ഈശ്വരന്റെ തലത്തിലേക്ക് ഉയർത്താൻ വേദങ്ങൾ രചിച്ച ഈ നാട്ടിൽ, ഓരോരുത്തർക്കും അവരവരുടെ സ്ഥിതിക്കനുസരിച്ചു ജീവിക്കുവാനും, മോക്ഷപ്രാപ്തി നേടുവാൻ ജ്ഞാനയോഗവും, രാജയയോഗവും, ഭക്തിയോഗവും, കർമയോഗവും അവതരിപ്പിച്ച ഈ നാട്ടിൽ നിന്നും ശാന്തഇയുടെയും ആനന്ദത്തിന്റെയും അലകൾ എപ്പോഴാണ് ഇല്ലാതായത്?

എവിടെയോ വച്ച് മനുഷ്യർ, ഈശ്വരനെയും, പ്രപഞ്ച ശക്‌തികളെയും മറന്നിട്ടുണ്ടാകണം. ഭൂമിയിലേക്ക് ജനിച്ചു വീണാൽ, ഈ പ്രപഞ്ചത്തിലെ ഒന്നിനെ പോലും യാതൊരു പോറൽ പോലും ഏൽപ്പിക്കാതെ മരണത്തിലേക്ക് കടക്കണമെന്നു പഠിപ്പിച്ച സനാതന ധർമങ്ങൾ മറന്നതാകാം.

മനുഷ്യന്റെ സഹജമായ ഭാവം ശാന്തിയും ആനന്തവുമാണ് . ഈശ്വരനെ അറിയുന്നതിലൂടെ മാത്രമാണ് ഓരോരുത്തരിലും മറഞ്ഞിരിക്കുന്ന ആ പരമമായ ആനന്ദത്തെ അറിയുവാൻ കഴിയുന്നത് . ഇതിനെ അറിയുവാനും അനുഭവിക്കാനും മുന്പുള്ളവർക്കു കഴിഞ്ഞിരുന്നു. എന്നാൽ കാലക്രമത്തിൽ മനുഷ്യന് അച്ചടക്കവും , കൃത്യനിഷ്ഠയും ഇല്ലാതാവുകയും, ഭൗതീക സുഖങ്ങളിൽ അടിമപ്പെടുകയും, അതിലൂടെ ലഭിക്കുന്ന നൈമിഷിക സുഖത്തിൽ മാത്രം ശ്രദ്ധാലുക്കളായി മാറി. തുടർന്നങ്ങോട്ട് ഭൗതിക സുഖങ്ങൾക്കായി കൂടുതൽ കൂടുതൽ അന്വേഷണങ്ങൾ നടത്തുകയും , അവയിലൊക്കെ വിജയിച്ചു മുന്നേറുകയും ചെയ്‌തു. ഓരോന്ന് നേടുന്തോറും കൂടുതൽ കൂടുതൽ നേടാനുള്ള ആഗ്രഹം ഉണർന്നുകൊണ്ടേയിരുന്നു. അതിനു വേണ്ടി അവർ കൂടുതൽ അധ്വാനിച്ചു, കൂടുതൽ സമ്പാദിച്ചു, കൂടുതൽ കൂടുതൽ അത്യാഗ്രഹികളും സ്വാർത്ഥരുമായി. അത് തുടർന്നുകൊണ്ടേയിരിക്കുകയും, കൂടുതൽ അസ്വസ്ഥമായ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചേരുകയും ചെയ്തു.

ഒരു കാര്യം മനസിലാക്കുക, ഭൗതീക സുഖങ്ങൾക്ക് ഒരിക്കലും പൂർണമായ ആനന്ദം നൽകാനാവില്ല. "എന്തു ലഭിച്ചാൽ മറ്റൊന്നും വേണ്ടെന്നു തോന്നുന്നുവോ " അപ്പോൾ മാത്രമാണ് പൂർണത ഉണ്ടാകുന്നതു. ആ പൂർണതയിലേക്കുള്ള ദിശ ഓരോരുത്തരുടെയും ഉള്ളിലേക്ക് തന്നെയാണ്. അവിടേക്കുള്ള കവാടം ഇപ്പോഴും തുറന്നു തന്നെയാണ് . ബാഹ്യലോകത്തിലേക്കു തുറന്നിരിക്കുന്ന ഈ കണ്ണുകളെ അൽപ നേരത്തേയ്ക്ക് അടയ്‌ക്കൂ ... ആ കവാദത്തിലൂടെ കടന്നു ഉള്ളത്തിലുള്ള ആനന്ദവും ശാന്തിയും നിറഞ്ഞ ആ ലോകത്തെ അനുഭവിക്കൂ... അത് നിങ്ങളുടെ നിങ്ങളുടെ മാത്രം സ്വന്തമാണ്.

ഓം ശാന്തി ശാന്തി ശാന്തി